2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

0
വേദി 1 : ഭൂമി , നാടകം : ജീവിതം .

മാവേലി എക്സ്പ്രസ് ഷൊര്‍ണൂരിലെത്തി.
കമ്പാര്‍ട്ട്മെന്റിന്റെ മുഷിഞ്ഞ അന്തരീക്ഷത്തില്‍ നിന്ന്‍ ഒന്ന്‍ നെടുവീര്‍പ്പിടാന്‍ പുറത്തിറങ്ങി.തിരക്കിനുള്ളിലെ അനക്കമില്ലാത്ത നാലഞ്ചു മണിക്കൂര്‍ എന്‍റെ കാലുകളെ മരവിപ്പിച്ചിരിക്കുന്നു.
മരവിപ്പൊന്ന്‍ മാറാന്‍ പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
എന്‍റെ ദൃഷ്ടി അലസമായി അപ്പുറത്തെ ഒഴിഞ്ഞ ട്രാക്കില്‍ പതിഞ്ഞു...
ആ ഒഴിഞ്ഞ ട്രാക്കില്‍ ഒരാള്‍ ഈ രാത്രിയിലും എന്തോ തപ്പി നടക്കുന്നു...
ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലുകളാണോ അയാള്‍ തപ്പുന്നത് ?.
അല്ല !...
ഐസ് കഷ്ണം ചുടുവെള്ളത്തിലിട്ടപോലെ എന്‍റെ കാലുകളുടെ മരവിപ്പ് അലിഞ്ഞു തീര്‍ന്നു പ്ലാറ്റ്ഫോമിലൂടെ ഒഴുകി...
മനുഷ്യ വിസര്‍ജ്ജ്യം സ്വീകരിച്ച ആ ട്രാക്കില്‍ നിന്നും അയാള്‍ ആളുകള്‍ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ പരതുകയാണ്.
പെട്ടെന്ന്‍ അയാളുടെ മുഖത്ത് സന്തോഷം കത്തി...
ഒരു ഇഡ്ഡലിയുടെ കഷ്ണം കിട്ടിയിരിക്കുന്നു...
ആ അന്നക്കഷ്ണത്തെ അയാള്‍ അടിമുടി പരിശോദിച്ചു.
അതില്‍ പറ്റിയ മനുഷ്യ വിസര്‍ജ്ജ്യം അയാളുടെ മുഖത്തെ സന്തോഷത്തെ ഊതിക്കെടുത്തി...
ആ ഇഡ്ഡലി കഷ്ണം അയാളുപേക്ഷിച്ച് നിരാശനായി പ്ലാറ്റ്ഫോമിലെ മനുഷ്യവനത്തില്‍ അയാള്‍ മറയാന്‍ പോകുന്നു...
എന്‍റെ അടുത്തിരുന്ന രണ്ടു ചെറുപ്പക്കാര്‍ ഈ ജീവിത നാടകത്തിന്റെ പ്രേക്ഷകരായിരിക്കുന്നു എന്നത് ഞാനപ്പോയാണറിഞ്ഞത്.
തൊട്ടടുത്ത ഭക്ഷണസ്റ്റാളില്‍ നിന്നും ഉഴുന്നു വടയും,ഇഡ്ഡലിയും വാങ്ങി അവര്‍ ഞൊടിയിടയില്‍ അയാളെ പിന്തുടര്‍ന്ന്‍ ആ പ്ലേറ്റ് അയാള്‍ക്കു നേരെ നീട്ടി...
അയാള്‍ അത്ഭുതത്തോടെ അവരുടെ മുഖത്ത് നോക്കി...
ഒരു പതിഞ്ഞ ചിരി സമ്മാനിച്ച് അയാളത് വാങ്ങി..
ആ ചെറുപ്പക്കാര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ തിരിഞ്ഞു നടന്നു ട്രെയ്നില്‍ കയറി.
ബോഗികളെ വലിക്കാനുള്ള എഞ്ചിന്‍ ഊര്‍ജ്ജത്തിനായി വൈദ്യുത കമ്പിയെ ചുംബിച്ചു... ഒരു നീണ്ട ഹോണ്‍ മുഴക്കി തീവണ്ടി പുരോഗതിയിലേക്ക് കുതിച്ചു.
ഒരു പക്ഷെ ഭൗതികവാദി പറഞ്ഞേക്കാം
തീവണ്ടിയുടെ പുരോഗതി ശാസ്ത്രത്തിന്റെ ഉയര്‍ച്ചയും
പട്ടിണിയിലായ അയാള്‍ ദൈവത്തിന്‍റെ ക്രൂര മനസ്സും...
പക്ഷെ ദൈവം പറഞ്ഞത്
ഈ ജീവിതം കബളിപ്പിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല...
Devamını oku...

2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

0
ഒരു വിജയകഥ

മരുഭൂമിയുടെ ഓര്‍നിലം പോലെ വാര്‍ധക്യത്തിലെത്തിയ  ഒരാള്‍.
അദ്ദേഹത്തിന് ദൈവം കനിഞ്ഞു നല്‍കിയ  മകന്‍. ആ മകനെ ആ  പിതാവ് ജീവനുതുല്യം  സ്നേഹിക്കുന്നു...
അങ്ങനെ ആ കുഞ്ഞ്‌ വളരുന്നു...
ഒരിക്കല്‍ കനിഞ്ഞ ദൈവം ഒരു നാള്‍ അറിയിക്കുന്നു തന്‍റെ മകനെ ബലിയറുക്കാന്‍.... അതെ ത്യാഗം യുഗയുഗാന്തരങ്ങളുടെ  ദൈര്‍ഘ്യം  പോലെ
ഏതൊരാളെയും പുണരുന്ന നിമിഷങ്ങള്‍
ക്ഷമ അതിര്‍ത്തികള്‍ ഭേദിച്ച് വിസ്ഫോടനം നടത്തുന്ന ഘട്ടം.
ആര്‍ക്കാണ് സാധിക്കുക തന്‍റെ  കണ്മണിയുടെ ശിരസ്സ് ഛേദിക്കാന്‍

പക്ഷെ സര്‍വജ്ഞന്‍റെ ആജ്ഞക്കു മുന്‍പില്‍
അവര്‍ണ്ണനീയമായ എത്ര  ഘനമേറിയ ത്യാഗങ്ങളും
ധൂളികണക്കെ നിസ്സാരമാണെന്ന ഓര്‍മ്മപ്പെടുത്തല്‍
ലോകത്തിനു മുന്‍പില്‍ ആ പിതാവ്, ആദര്‍ശ പിതാവ്
കാണിച്ചു തരുന്നു...
തന്‍റെ പ്രിയതമയോട് തന്‍റെ  കുഞ്ഞിനെ ബലിയറുക്കാനുള്ള കാര്യമോര്‍മ്മപ്പെടുത്തിയപ്പോള്‍  "ഈ തീരുമാനം ദൈവത്തിന്‍റെയാണോ, എങ്കില്‍ ആജ്ഞ നിറവേറ്റുക" എന്നത്
സ്ത്രീ ത്യാഗത്തിന്‍റെ ഉത്തമമായ മാതൃകയായി അടയാളപ്പെടുത്തുന്നു...

ബലിക്കൊരുങ്ങാന്‍ തയ്യാറായ മകന്‍ അനുസരണത്തിന്‍റെ
മറ്റൊരു പ്രതീകം.

ഒടുവില്‍ ത്യാഗ സന്നദ്ധതക്ക് സമ്മാനമായി മകന് പകരം ആടിനെ അറുക്കാന്‍ ദൈവം കല്‍പ്പിക്കുന്നു...

അതെ... ആദര്‍ശ പിതാവ് ഇബ്രാഹീം നബി (അ)യുടെയും
മകന്‍ ഇസ്മായീല്‍ (അ)യുടെയും ഉമ്മ ഹാജറാ ബീവി(റ)യുടെയും
ത്യാഗ സമ്പൂര്‍ണ്ണ ജീവിതം ദൈവിക അനുസരണത്തിന്‍റെ
പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്.

ജീവിതത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ചിതല്‍ വീഴുന്ന സമയത്ത് ക്ഷമിക്കാനുള്ള ത്യാഗം പോലും നമുക്കന്യമാകുമ്പോള്‍ ചരിത്രത്തെ നെഞ്ചേറ്റി നാഥന്‍റെ കല്പനകള്‍ അനുസരിച്ച് ചീത്തയുടെ ഇരുള്‍ വഴികളില്‍ നിന്ന്‍  മാറിനില്‍ക്കാന്‍ നാം ശീലിക്കണം... ഈ സുദിനങ്ങള്‍ നമുക്ക് പരിശീലനമാകട്ടെ...
എന്നില്‍ നിന്നും നിങ്ങളില്‍ നിന്നും നാഥന്‍ സ്വീകരിക്കുമാറാവട്ടെ...

കളങ്കമില്ലാത്ത സ്നേഹപൂക്കള്‍ നേരുന്നു...
സഹോദരന്‍,അബ്ദുല്‍സമദ് തയ്യില്‍.
www.facebook.com/mydawathoughts
Devamını oku...

2014 ജൂൺ 14, ശനിയാഴ്‌ച

0
തിരിച്ചുപറക്കല്‍


ഒരിക്കലും തിരിച്ചു വരില്ല എന്നുമാത്രം ഒരു കടലാസു തുണ്ടില്‍ എഴുതിവെച്ചു കൊണ്ടാണ് സജീഷ് യാത്ര തിരിച്ചിരിക്കുന്നത്. ജീവിതത്തില്‍ അയാള്‍ക്കെതിരെ വന്ന ഭീമാകാരമായ പ്രതിസന്ധികളാണ് ഈയൊരു തീരുമാനത്തിലേക്ക് തന്നെ നയിച്ചത്.ഒന്നുകില്‍ കടലില്‍ ചാടണം അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അല്പം മാറി ആരും ശ്രദ്ധിക്കാത്തൊരിടത്ത് ഇരമ്പലോടെ പാഞ്ഞു വരുന്ന തീവണ്ടിക്കു താഴെ കഴുത്ത് വെക്കണം അതാവുമ്പോ വേഗം ജീവനകലും.

വിഷം കഴിക്കാനും കടലിലോ കൊക്കയിലോ ചാടാനോ അയാളെ  മനസ്സ് സമ്മതിക്കുന്നില്ല. ഒരു പക്ഷെ മരിക്കാതെ ജീവച്ഛവമായാലോ ?. ജീവിത സഞ്ചാരത്തിനിടയിലെ ദുര്‍ഘടങ്ങളായ പാതവാക്കുകളിലെ മുള്‍വേലികള്‍ അയാളുടെ ജീവിതത്തില്‍ ഏറെ കോറലുകള്‍ ഏല്‍പ്പിച്ചിരുന്നു. അതിന്‍റെ നീറ്റലാണ് അയാളില്‍ തുടിക്കുന്ന ജീവനെ സ്വയം അവസാനിപ്പിക്കാനുള്ള നിഗമനത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് . കാരണം വന്‍ സാമ്പത്തിക പ്രതിസന്ധി തന്നെ,  ബിസിനസ്സിനായി   പലരില്‍ നിന്നും കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ അയാള്‍ക്ക് സാധിക്കില്ലാ എന്നത് സ്വയം   ബോധ്യമായിരിക്കുന്നു.

പുറത്തേക്ക് നാക്ക് നീട്ടി നില്‍ക്കുന്ന കശാപ്പ് ശാലയിലെ മാടിന്‍റെ തല  മനസ്സില്‍ പതിച്ച്ചുകൊണ്ട് നഗരത്തിന്‍റെ നടുവില്‍കൂടി റെയില്‍വേ ട്രാക്ക് ലക്ഷ്യമാക്കികൊണ്ട് അയാള്‍ നടന്നു.

നഗര കോലാഹലങ്ങളെ വകഞ്ഞുമാറ്റികൊണ്ട് അയാളുടെ കര്‍ണ്ണപടങ്ങളിലേക്ക്  ആ നഗരത്തിന്‍റെ ഏതോ ഒരു മൂലയില്‍ നിന്നും ഉച്ചഭാഷിണി അവ്യക്തമായ എന്തോ പതിപ്പിച്ചു. ആ ശബ്ദം തന്നോട് സംസാരിക്കുന്നത് പോലെ തോന്നി. വീണ്ടും ആ ശബ്ദം......
നഗരത്തിന്‍റെ അല്‍പം അകലെ നിന്നും ആരോ പ്രസംഗിക്കുകയാണ്    അയാള്‍ അതിന് കാത് കൊടുത്തു, ശബ്ദം വ്യക്തമായി 
ഇതായിരുന്നു ആ ശബ്ദം :
"അവന്‍ കണക്കാക്കാത്ത വിധത്തില്‍ നാം അവന്ന്‍ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും ദൈവത്തിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്ന പക്ഷം അവന്ന്‍ ദൈവം തന്നെ  കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും ദൈവം ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്"
(വിശുദ്ധ ഖുര്‍ആന്‍ ,ത്വലാക്വ':3 ).

അയാള്‍ക്കുമീതെ അസ്തമയ സൂര്യന്‍റെ ചുവപ്പില്‍ പക്ഷികള്‍ കൂടണയാന്‍ തിരികെ പറക്കുന്നു.

ഒരുറച്ച തീരുമാനത്തോടെ അയാളും തന്‍റെ കൂട്ടിലേക്ക് തിരിഞ്ഞു നടന്നു.



Devamını oku...

2014 ഏപ്രിൽ 20, ഞായറാഴ്‌ച

0
ചക്രക്കഥ


ഇന്നലെകളിലെ തന്‍റെ പ്രതാപത്തില്‍  നിന്ന്‍ ചില ഓര്‍മ്മകള്‍ ആ വയസ്സന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരികയാണ് ....

ഓര്‍മ്മകളോരോന്നായി പറഞ്ഞപ്പോള്‍ കണ്ണുകള്‍ വര്‍ഷങ്ങളേറെ  പിന്നിലോട്ട് പോയി  ക്യാമറപ്പോലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നു.

വെളുത്ത മുഖമുള്ള അയാളുടെ ശരീരം കരിങ്കല്‍പ്പോലെ കരുത്തുറ്റത്  ആ നാട്ടില്‍ അങ്ങനെയൊരാള്‍ അന്ന്‍  അയാള്‍ മാത്രം... "ആരെടാ എന്നെ തൊടാന്‍ ദൈര്യമുള്ളവന്‍"  ചേളാരി കാലി ചന്തയിലെ   കശപിശകളില്‍ ആ ശബ്ദമൊന്ന്‍ കേട്ടാല്‍ മൂരികള്‍പോലും  മിണ്ടില്ല.... ഉസ്മാനാജിയെ വെല്ലാന്‍ ആരുമില്ല...
പണത്തിന് പണം, കരുത്തിന് കരുത്ത്, തറവാടിന് തറവാട്.... 

1921-ലെ  ചരിത്രങ്ങളേറെ ഉസ്മാനാജിക്കറിയാം അതറിയാനാണ്  പോയതെങ്കിലും.... ഉസ്മാനാജി വാചാലനായത് തന്‍റെ പ്രതാപത്തെ ഓര്‍ത്ത്കൊണ്ടാണ്...

ഓര്‍മ്മകളിലൂടെ ഒരു ചെറുപ്പക്കാരനായി നടക്കുന്നിനിടയില്‍  ഇടക്കൊന്ന്‍ ശ്വാസം മുട്ടും... പിന്നെ അല്പം കഴിഞ്ഞേ സംസാരം തുടരൂ....

വാര്‍ദ്ധക്യത്തിലേക്ക് വസന്തങ്ങള്‍ പൊഴിഞ്ഞപ്പോളുണ്ടായ മൂന്ന്‍ സന്തതികള്‍, അത് സമ്മാനിച്ചവള്‍  നേരെത്തെ വിടചൊല്ലിയിരുന്നു...

എന്‍റെ കണ്ണില്‍ രണ്ട് ദൃശ്യങ്ങള്‍ മാറി മാറി വരുന്നു അത് വര്‍ഷത്തിലെയും വേനലിലെയും വയലിന്‍റെ ചിത്രങ്ങളാണ്. 
അതിനെക്കുറിച്ചോര്‍ത്ത് നില്‍ക്കുമ്പോയാണ് ബെല്ലടിച്ചത്.... ഞാന്‍ സ്കൂളിലല്ലട്ടോ... ഉസ്മാന്‍ ഹാജി താമസിക്കുന്ന വയോധിക മന്ദിരത്തില്‍ അവരുടെ ഉച്ചഭക്ഷണ സമയമാണ് അതിനാ ആ ബെല്ലടിച്ചത്.

വയോധിക മന്ദിരത്തിലെ വളണ്ടിയര്‍ വന്ന്‍ ഉസ്മാനാജിയിരിക്കുന്ന വീല്‍ ചെയര്‍ തള്ളി,മെസ്സിലേക്കാണ്...

ഞങ്ങളുടെ ഭക്ഷണവും ഇന്നീയി സ്നേഹ ഭവനത്തില്‍, ചർമ്മം ചുളിഞ്ഞവർക്കൊപ്പം....
ഭക്ഷണം കഴിച്ച്  കൈ കഴുകുംപോയും എന്‍റെ മനസ്സില്‍ ആ രണ്ടു ചിത്രങ്ങള്‍ മാറി മാറി വരുന്നു വര്‍ഷത്തിലെയും  വേനലിലെയും വയല്‍..... വര്‍ഷത്തതിലത് എത്ര പച്ചപ്പ്‌.... വേനലിലത് വരണ്ട് കിടക്കും...

ഞാനിന്ന്‍ ആ വര്‍ഷത്തിലാണ്  ചെറുപ്പമാവുന്ന വര്‍ഷത്തില്‍
വിധിബാക്കിവെച്ചെങ്കില്‍ സമ്പത്തും, ഭാര്യയും മക്കളുമുണ്ടാകും അതെ,  പച്ചപ്പിന്‍റെ  വര്‍ഷക്കാലം....
പക്ഷെ വര്‍ഷമുണ്ടെങ്കില്‍ വേനലും ഉണ്ടാകുമല്ലോ !.

ഈ ശരീരം, ഈ മുഖം അന്ന്‍ ഉസ്മാനാജിയെ പോലെ ചുളിഞ്ഞു പോകും.
പ്രതാപങ്ങള്‍ ഓര്‍മ്മമാത്രമായികൊണ്ട്... 
ഒരു പക്ഷെ ഈ വൃദ്ധ സദനത്തിൽ.... അല്ല ഈ സ്നേഹ ഭവനത്തിൽ
ഉസ്മാനാജിയുടെ വിദ്യാസമ്പന്നരായ മക്കൾ കൊണ്ടാക്കിയപോലെ....
ഒരു വീൽ ചെയറിൽ... ഞാനും നിങ്ങളും...

എനിക്കെന്തോ ഉൾകൊള്ളാൻ സാധിക്കുന്നില്ല എന്താന്ന് വെച്ചാൽ ഫെയ്സ്ബുക്കിൽ ഞാൻ അപ്ലോഡ് ചെയ്ത ഒരുപാട് ഫോട്ടോസ്....വിവിധ ഭാവങ്ങളിൽ ഞാൻ തന്നെ...
ഞാൻ..... അതെ ഞാൻ, ഈ ഫ്രീക്കൻ...
എൻറെ ഈ ശരീരം ചുളിയുമോ ?.... ഞാനൊരു വയസ്സനാകുമോ .....?
പ്രകടനപരതയിലേക്ക് ഒളിച്ചോടിയ ഞാന്‍ മെല്ലെ സ്വയം  ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു....

വല്ലവന്നും നാം ദീര്‍ഘായുസ്സ്‌ നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ? ( Holy Quran  36 :68 )

ഇതിൽപരം  ഇനി ചിന്തിക്കാൻ  നമുക്കെന്തുവേണം ?.

Devamını oku...

2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

0
പുല്‍ക്കൊടികള്‍ പറയുന്നത്


ഒരൊഴിവ് കിട്ടിയപ്പോള്‍ തൊടിയിലേക്കിറങ്ങിയതാണ്....

പുതുമഴയില്‍ തളിര്‍ത്ത  പുല്‍നാമ്പുകള്‍, ഉഷ്ണവെയില്‍ ബാക്കിവെച്ച   പുല്‍ക്കൊടികള്‍  അതിലെ അഗ്രങ്ങളില്‍  തങ്ങിനില്‍ക്കുന്ന മഞ്ഞു കണങ്ങളില്‍ പതിയുന്ന സൂര്യ രശ്മികള്‍.... ഹാ.... എന്തൊരു അനുഭൂതിയാണവ എന്നകതാരില്‍ പെയ്യിക്കുന്നത് ...

പ്ലാവിന്‍ ചുവട്ടിലെ വീണുകിടക്കുന്ന ചക്കയില്‍ ചെറുപ്രാണികള്‍ മൂ..... എന്ന ശബ്ദത്തോടെ വട്ടമിടുന്നു, അണ്ണാന്‍ വന്ന്‍ അതിന്‍റെ കുഞ്ഞികൈകള്‍കൊണ്ട് ചുളയെടുത്ത്  ഓടുന്നു.... ആ പ്ലാവിന്‍റെ മുകളില്‍ അതിന്‍റെ കുഞ്ഞുണ്ടാകും അതിനായിരിക്കുമത്,കരുതലോടെ...

പ്രകൃതിയിലോക്കൊന്ന്‍ മിഴിതുറന്നാല്‍,കാത്കൊടുത്താല്‍   അത്   നമ്മെ കൂട്ടികൊണ്ട്പോകുന്നത്  നമ്മോടത്  കഥപറയുന്നത്  സര്‍വ്വജ്ഞന്‍റെ അനുഗ്രഹങ്ങളെക്കുറിച്ചാണ് .

നോക്കൂ  എത്ര മനോഹരം നമ്മുടെ ചുറ്റുപാട് , രുചിയുടെ,മണത്തിന്‍റെ,നിറങ്ങളുടെ കലവറയിത്.
രാത്രിയില്‍ വിരിയുന്ന മുറ്റത്തെ മുല്ലയിലെ മണവും കല്യാണ സൌഖന്തികത്ത്തിന്‍റെ മലരും വ്യത്യാസമുള്ളതല്ലെ.... ഈനാംമ്പഴത്തിന്‍റെ രുചിയും കര്‍മ്മൂസിന്‍റെ മധുരവും  എത്രയന്തരം...

സുഹ്രത്തുക്കളെ ആലോചിച്ചു നോക്കൂ എല്ലാ പൂക്കളും ഒരേ മലരാണെങ്കില്‍, പഴങ്ങലെല്ലാം ഒരേ രുചിയാണെങ്കില്‍, പക്ഷിമ്രഗാദികളുടെ കോലവും ശബ്ദവും ഒന്നാണെങ്കില്‍   നമുക്കതില്‍ കൌതുകം  കണ്ടെത്താനാകുമായിരുന്നില്ല. പക്ഷെ നാഥന്‍ നമുക്ക് തന്നിരിക്കുന്നു ഇക്കണ്ട കണ്‍കുളിര്‍മ്മകളെല്ലാം, മനനമാകുന്ന കവിതാത്ഭവ കേന്ദ്രത്തില്‍ ചിന്തിക്കാന്‍, ആലോചിച്ചു മനസ്സിലാക്കാന്‍....

നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌.
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
(Holy Quran 35:27-28  )


Devamını oku...

2014 ഏപ്രിൽ 5, ശനിയാഴ്‌ച

0
ചീത്തയാകാനല്ലേ പ്രയാസം ?




സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആ ഇടുങ്ങിയ വഴിയിലൂടെ അയാള്‍ വീട്ടിലേക്ക് നടക്കുകയാണ്. മഴയുടെ വരവറിയിച്ച് ദൂരെനിന്നെങ്ങോ ഇടിയുടെ ശബ്ദം,  അതിന് കൂട്ടെന്ന പോലെ  കരണ്ടും പോയി ,   സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞതോടെ കൂരാകൂരിരുട്ടില്‍ മിന്നലിന്‍റെ ഭയപ്പെടുത്തുന്ന വെട്ടം അയാള്‍ക്ക് വഴിക്കാട്ടി..... പെട്ടെന്നൊരു വിളി "എന്നെ ഒഴിവാക്കിയോ ?"..... ഒരു ഞെട്ടലോടെ അയാള്‍ പിന്നിട്ട വഴിയിലെ വിജനതയിലേക്ക് ഒന്ന്‍ നോക്കി,ആരുമില്ല....

 ആരോ തന്നെ പിന്തുടരുന്നുണ്ടോ ? എങ്കില്‍ എന്തിന് ?  ആരായിരിക്കും ആ അര്‍ദ്ധരാത്രിയില്‍ ? , ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നികൊണ്ടിരുന്നു.... വിറയ്ക്കുന്ന കാലുകള്‍ വെക്കുന്നിതിനിടയില്‍ വീണ്ടും ആ ശബ്ദം  കേള്‍ക്കുന്നു "എന്നെ മറന്നോ"... വീണ്ടും ചുറ്റും നോക്കി, അതാ അല്പം അകലെ നിന്ന്‍ ആരോ അയാളെ ലക്ഷ്യം വെച്ച് ഓടി വരുന്നു  "എന്നെ ഒഴിവാക്കല്ലേ,ഒഴിവാക്കല്ലേ" ഓടി വരുന്നയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ആ മുഖം തനിക്ക് എവിടെയോ പരിചയമുണ്ടോ ? പക്ഷെ കീറി പറിഞ്ഞ അയാളുടെ വസ്ത്രങ്ങളും ജഡപിടിച്ച  മുടിയും താടിയും കരിപുരണ്ട കവിളും മിന്നലിന്‍റെ വെളിച്ചത്തില്‍ അയാള്‍ കണ്ടു ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ആ പരിചിതനെ കണ്ട് അയാളുടെ നടത്തം ഓട്ടമായി മാറി..... ഓടുന്നതിനിടയില്‍ തന്നെ പിന്തുടരുന്നയാളെയൊന്ന്‍ നോക്കി അതാ ആ ഭ്രാന്തന്‍ അയാളുടെ അടുത്തെത്തിയിരിക്കുന്നു തിരിഞ്ഞ നോട്ടം മുന്നോട്ട് എടുത്തതും തനിക്കഭിമുഖമായി നില്‍ക്കുന്ന മതിലില്‍ ഇടിച്ച ആഘാതത്തില്‍ അബോധാവസ്ഥയിലായി വീഴുന്നു, കണ്ണുകളടക്കുന്നതിന് മുന്‍പ് ആ കരി പുരണ്ട മുഖം അയാള്‍ ഒന്നുകൂടി കണ്ടു അപ്പോയും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു "എന്നെ ഒഴിവാക്കിയോ".....

മഴത്തുള്ളികളാണ്  അബോധാവസ്ഥയില്‍ നിന്നും അയാളെ ഉണര്‍ത്തിയത്  സ്വബോധം തിരിച്ചു കിട്ടിയമാത്രയില്‍ അയാണെണീറ്റു. പുതുമണ്ണിന്‍റെ മണം അയാളുടെ മനസ്സിനെ തണുപ്പിച്ചു.... മൊബൈല്‍  ഫോണെടുത്ത്  സമയമൊന്ന്‍  നോക്കി  4:30 AM .

ഏറെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും ആ നേരം അയാളുണര്‍ന്നിരിക്കുന്നു എന്ന്‍ വെച്ചാല്‍ സുബ്ഹി നമസ്ക്കരിക്കുന്ന ഒരു ഭൂതം അയാളില്‍ ഇന്നലെകളിലെവിടെയോ കഴിഞ്ഞു പോയിട്ടുണ്ട്.

ചാറ്റല്‍ മഴ അയാളെ നനച്ചുകൊണ്ടിരുന്നു പെട്ടെന്നാണ് ഇന്നലെ  അയാളെ പിന്തുടരുന്ന ആ ഭ്രാന്തനെക്കുറിച്ചോര്‍മ്മ വന്നത്    "എന്നെ മറക്കല്ലേ, എന്നെ ഒഴിവാക്കല്ലേ" എന്ന്‍ വിളിച്ചുംകൊണ്ട്  തന്നിലേക്ക് ഓടിയെടുത്തയാള്‍  ആരായിരുന്നു ?.

മറ്റാരുമല്ല ഇന്നലെയില്‍ അയാള്‍ക്ക് കൂട്ടുണ്ടായിരുന്ന സല്‍ക്കര്‍മ്മങ്ങളാണ് അയാളെ പിന്തുടര്‍ന്നിരുന്നത് ആ സുഹ്രത്തിനെ അദ്ദേഹം ഒഴിവാക്കിയിരുന്നു.  ഇടക്കാലത്തെവിടെയോ വെച്ച് തിന്മയാകുന്ന ഒരു സുഹ്രത്തിനെ അയാള്‍ക്ക് ലഭിച്ചിരുന്നു പക്ഷെ തിന്മയാകുന്ന സുഹ്രത്ത് അയാള്‍ക്ക് സമ്മാനിച്ചത്  ഒരുപാട്  നഷ്ടങ്ങളെയായിരുന്നു തന്‍റെ സന്തുഷ്ട കുടുംബം, ആദര്‍ശ ബന്ധുക്കള്‍, അഞ്ച് നേരത്തെ നമസ്ക്കാരം, മറ്റു സല്‍ക്കര്‍മ്മങ്ങള്‍  അങ്ങനെ നിരവധി നഷ്ടങ്ങള്‍....

പള്ളിയില്‍ നിന്നും സുബ്ഹി ബാങ്ക് കൊടുക്കുന്നത് അയാള്‍ കേട്ടു "ഉറക്കിനെക്കാള്‍ ഉത്തമമായത്  നമസ്ക്കാരമാണ് ".............
വീട്ടിലേക്ക് നടക്കുന്നതിന് പകരം വഴിയൊ
ന്ന്‍ മാറ്റി പിടിച്ചു നേരെ പോയാല്‍ പള്ളിയിലേക്കാണ്,  ആ ദിശമാറ്റത്തില്‍ അയാള്‍ക്കൊന്ന്‍ ബോധ്യപ്പെട്ടു "ചീത്തയാകാനാ പ്രയാസം, നന്നാവാന്‍ എനിക്കെന്താണ്  പ്രയാസം ?".....

പള്ളിയിലെത്തിയതും മഴ കനത്തു.... അയാള്‍ പിന്നിട്ട വഴികളില്‍ പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ മുളച്ചു പൊന്തിയിരുന്നു...
നമസ്കാരം തുടങ്ങി, സൂറത്ത് ഹൂദിലെപതിനൊന്നാമത്തെ വചനം ഇമാം ഓതുന്നുണ്ടായിരുന്നു
"وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ " 
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ഉല്‍ബോധനമാണത്‌. (Holy Quran 11:114).
Devamını oku...

2014 മാർച്ച് 24, തിങ്കളാഴ്‌ച

0
നമുക്ക് പ്രണയിക്കാം

Devamını oku...