2014 ജൂൺ 14, ശനിയാഴ്‌ച

0
തിരിച്ചുപറക്കല്‍


ഒരിക്കലും തിരിച്ചു വരില്ല എന്നുമാത്രം ഒരു കടലാസു തുണ്ടില്‍ എഴുതിവെച്ചു കൊണ്ടാണ് സജീഷ് യാത്ര തിരിച്ചിരിക്കുന്നത്. ജീവിതത്തില്‍ അയാള്‍ക്കെതിരെ വന്ന ഭീമാകാരമായ പ്രതിസന്ധികളാണ് ഈയൊരു തീരുമാനത്തിലേക്ക് തന്നെ നയിച്ചത്.ഒന്നുകില്‍ കടലില്‍ ചാടണം അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അല്പം മാറി ആരും ശ്രദ്ധിക്കാത്തൊരിടത്ത് ഇരമ്പലോടെ പാഞ്ഞു വരുന്ന തീവണ്ടിക്കു താഴെ കഴുത്ത് വെക്കണം അതാവുമ്പോ വേഗം ജീവനകലും.

വിഷം കഴിക്കാനും കടലിലോ കൊക്കയിലോ ചാടാനോ അയാളെ  മനസ്സ് സമ്മതിക്കുന്നില്ല. ഒരു പക്ഷെ മരിക്കാതെ ജീവച്ഛവമായാലോ ?. ജീവിത സഞ്ചാരത്തിനിടയിലെ ദുര്‍ഘടങ്ങളായ പാതവാക്കുകളിലെ മുള്‍വേലികള്‍ അയാളുടെ ജീവിതത്തില്‍ ഏറെ കോറലുകള്‍ ഏല്‍പ്പിച്ചിരുന്നു. അതിന്‍റെ നീറ്റലാണ് അയാളില്‍ തുടിക്കുന്ന ജീവനെ സ്വയം അവസാനിപ്പിക്കാനുള്ള നിഗമനത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് . കാരണം വന്‍ സാമ്പത്തിക പ്രതിസന്ധി തന്നെ,  ബിസിനസ്സിനായി   പലരില്‍ നിന്നും കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ അയാള്‍ക്ക് സാധിക്കില്ലാ എന്നത് സ്വയം   ബോധ്യമായിരിക്കുന്നു.

പുറത്തേക്ക് നാക്ക് നീട്ടി നില്‍ക്കുന്ന കശാപ്പ് ശാലയിലെ മാടിന്‍റെ തല  മനസ്സില്‍ പതിച്ച്ചുകൊണ്ട് നഗരത്തിന്‍റെ നടുവില്‍കൂടി റെയില്‍വേ ട്രാക്ക് ലക്ഷ്യമാക്കികൊണ്ട് അയാള്‍ നടന്നു.

നഗര കോലാഹലങ്ങളെ വകഞ്ഞുമാറ്റികൊണ്ട് അയാളുടെ കര്‍ണ്ണപടങ്ങളിലേക്ക്  ആ നഗരത്തിന്‍റെ ഏതോ ഒരു മൂലയില്‍ നിന്നും ഉച്ചഭാഷിണി അവ്യക്തമായ എന്തോ പതിപ്പിച്ചു. ആ ശബ്ദം തന്നോട് സംസാരിക്കുന്നത് പോലെ തോന്നി. വീണ്ടും ആ ശബ്ദം......
നഗരത്തിന്‍റെ അല്‍പം അകലെ നിന്നും ആരോ പ്രസംഗിക്കുകയാണ്    അയാള്‍ അതിന് കാത് കൊടുത്തു, ശബ്ദം വ്യക്തമായി 
ഇതായിരുന്നു ആ ശബ്ദം :
"അവന്‍ കണക്കാക്കാത്ത വിധത്തില്‍ നാം അവന്ന്‍ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും ദൈവത്തിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്ന പക്ഷം അവന്ന്‍ ദൈവം തന്നെ  കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും ദൈവം ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്"
(വിശുദ്ധ ഖുര്‍ആന്‍ ,ത്വലാക്വ':3 ).

അയാള്‍ക്കുമീതെ അസ്തമയ സൂര്യന്‍റെ ചുവപ്പില്‍ പക്ഷികള്‍ കൂടണയാന്‍ തിരികെ പറക്കുന്നു.

ഒരുറച്ച തീരുമാനത്തോടെ അയാളും തന്‍റെ കൂട്ടിലേക്ക് തിരിഞ്ഞു നടന്നു.



Devamını oku...