2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

0
വേദി 1 : ഭൂമി , നാടകം : ജീവിതം .

മാവേലി എക്സ്പ്രസ് ഷൊര്‍ണൂരിലെത്തി.
കമ്പാര്‍ട്ട്മെന്റിന്റെ മുഷിഞ്ഞ അന്തരീക്ഷത്തില്‍ നിന്ന്‍ ഒന്ന്‍ നെടുവീര്‍പ്പിടാന്‍ പുറത്തിറങ്ങി.തിരക്കിനുള്ളിലെ അനക്കമില്ലാത്ത നാലഞ്ചു മണിക്കൂര്‍ എന്‍റെ കാലുകളെ മരവിപ്പിച്ചിരിക്കുന്നു.
മരവിപ്പൊന്ന്‍ മാറാന്‍ പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
എന്‍റെ ദൃഷ്ടി അലസമായി അപ്പുറത്തെ ഒഴിഞ്ഞ ട്രാക്കില്‍ പതിഞ്ഞു...
ആ ഒഴിഞ്ഞ ട്രാക്കില്‍ ഒരാള്‍ ഈ രാത്രിയിലും എന്തോ തപ്പി നടക്കുന്നു...
ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലുകളാണോ അയാള്‍ തപ്പുന്നത് ?.
അല്ല !...
ഐസ് കഷ്ണം ചുടുവെള്ളത്തിലിട്ടപോലെ എന്‍റെ കാലുകളുടെ മരവിപ്പ് അലിഞ്ഞു തീര്‍ന്നു പ്ലാറ്റ്ഫോമിലൂടെ ഒഴുകി...
മനുഷ്യ വിസര്‍ജ്ജ്യം സ്വീകരിച്ച ആ ട്രാക്കില്‍ നിന്നും അയാള്‍ ആളുകള്‍ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ പരതുകയാണ്.
പെട്ടെന്ന്‍ അയാളുടെ മുഖത്ത് സന്തോഷം കത്തി...
ഒരു ഇഡ്ഡലിയുടെ കഷ്ണം കിട്ടിയിരിക്കുന്നു...
ആ അന്നക്കഷ്ണത്തെ അയാള്‍ അടിമുടി പരിശോദിച്ചു.
അതില്‍ പറ്റിയ മനുഷ്യ വിസര്‍ജ്ജ്യം അയാളുടെ മുഖത്തെ സന്തോഷത്തെ ഊതിക്കെടുത്തി...
ആ ഇഡ്ഡലി കഷ്ണം അയാളുപേക്ഷിച്ച് നിരാശനായി പ്ലാറ്റ്ഫോമിലെ മനുഷ്യവനത്തില്‍ അയാള്‍ മറയാന്‍ പോകുന്നു...
എന്‍റെ അടുത്തിരുന്ന രണ്ടു ചെറുപ്പക്കാര്‍ ഈ ജീവിത നാടകത്തിന്റെ പ്രേക്ഷകരായിരിക്കുന്നു എന്നത് ഞാനപ്പോയാണറിഞ്ഞത്.
തൊട്ടടുത്ത ഭക്ഷണസ്റ്റാളില്‍ നിന്നും ഉഴുന്നു വടയും,ഇഡ്ഡലിയും വാങ്ങി അവര്‍ ഞൊടിയിടയില്‍ അയാളെ പിന്തുടര്‍ന്ന്‍ ആ പ്ലേറ്റ് അയാള്‍ക്കു നേരെ നീട്ടി...
അയാള്‍ അത്ഭുതത്തോടെ അവരുടെ മുഖത്ത് നോക്കി...
ഒരു പതിഞ്ഞ ചിരി സമ്മാനിച്ച് അയാളത് വാങ്ങി..
ആ ചെറുപ്പക്കാര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ തിരിഞ്ഞു നടന്നു ട്രെയ്നില്‍ കയറി.
ബോഗികളെ വലിക്കാനുള്ള എഞ്ചിന്‍ ഊര്‍ജ്ജത്തിനായി വൈദ്യുത കമ്പിയെ ചുംബിച്ചു... ഒരു നീണ്ട ഹോണ്‍ മുഴക്കി തീവണ്ടി പുരോഗതിയിലേക്ക് കുതിച്ചു.
ഒരു പക്ഷെ ഭൗതികവാദി പറഞ്ഞേക്കാം
തീവണ്ടിയുടെ പുരോഗതി ശാസ്ത്രത്തിന്റെ ഉയര്‍ച്ചയും
പട്ടിണിയിലായ അയാള്‍ ദൈവത്തിന്‍റെ ക്രൂര മനസ്സും...
പക്ഷെ ദൈവം പറഞ്ഞത്
ഈ ജീവിതം കബളിപ്പിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല...
Devamını oku...